ഗുവാഹത്തി: ബഹുഭാര്യാത്വം നിരോധിക്കുന്ന ബിൽ ആസാം നിയമസഭ പാസാക്കി. ഇതോടെ, ചില പ്രത്യേക അവസരങ്ങളിൽ ഒഴികെ, ബഹുഭാര്യാത്വം പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറി.
പട്ടികജാതി വിഭാഗത്തെയും ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട പ്രദേശങ്ങളെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ചിലർ കരുതുന്നതുപോലെ ഇത് ഇസ്ലാമിനെതിരേയുള്ള നിയമമല്ലെന്നും മതത്തിന് അതീതമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
ഹിന്ദുക്കളും ബഹുഭാര്യാത്വത്തിൽനിന്ന് മുക്തരല്ല. ഈ നിയമം ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതസ്ഥരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ശക്തീകരിക്കുന്നതിനായി ഒരേ സ്വരത്തിൽ നിയമം പാസാക്കണമെന്ന് മുഖ്യമന്ത്രി സഭയോട് ആഹ്വാനം ചെയ്തിരുന്നെങ്കിലും എഐയുഡിഎഫും സിപിഎമ്മും ഭേദഗതി നിർദേശങ്ങളുമായി മുന്നോട്ടുവന്നു. ഇവയെ ശബ്ദവോട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു.